ട്രാൻസ്ഷിപ്മെന്റ് ഹബ്ബിൽ നിന്ന് അന്താരാഷ്ട്ര കാർഗോ ഗേറ്റ്‌വേയിലേക്ക്; കേരളത്തിന്റെ സമുദ്രമേഖലയ്ക്ക് നിർണായക വഴിത്തിരിവ്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നേരിട്ടുള്ള കയറ്റുമതി-ഇറക്കുമതി (EXIM) പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18 മുതൽ തുടക്കമാകും. ഇതോടെ ഇതുവരെ പ്രധാനമായും ട്രാൻസ്ഷിപ്മെന്റ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര ചരക്ക് ഗേറ്റ്‌വേ എന്ന നിലയിലേക്ക് കൂടുതൽ ശക്തമായി മാറും.
ആദ്യ കയറ്റുമതി കണ്ടെയ്‌നർ കപ്പലിൽ കയറ്റുന്നതോടെയാണ് EXIM സേവനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകുക. സംസ്ഥാനത്തിന്റെ സമുദ്രമേഖലാ വികസനത്തിനും ലോജിസ്റ്റിക്സ് രംഗത്തിനും പുതിയ സാധ്യതകൾ തുറക്കുന്ന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
കസ്റ്റംസ് അനുമതിക്ക് പിന്നാലെ നിർണായക നീക്കം
വിഴിഞ്ഞം തുറമുഖത്തിന് EXIM കാർഗോ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അന്തിമ കസ്റ്റംസ് അനുമതി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC) നൽകിയിരുന്നു. ജൂലൈ 24-ലെ ഉത്തരവിനെ തുടർന്നാണ് ഓഗസ്റ്റ് 18 മുതൽ EXIM പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങിയത്.
കസ്റ്റംസ് നടപടികൾ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL), അദാനി വിഴിഞ്ഞം പോർട്ട്, മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ്, പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, കോസ്റ്റൽ പൊലീസ്, അംഗീകൃത ബാങ്കുകൾ, പോർട്ട് സുരക്ഷാ ഏജൻസികൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയായിരിക്കും നടക്കുക.
ആദ്യഘട്ടത്തിൽ നിയന്ത്രണങ്ങളോടെ ഇറക്കുമതി
നിലവിൽ തുറമുഖത്തോട് അനുബന്ധിച്ചുള്ള പ്രത്യേകമായി നിയുക്ത കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷൻ (CFS) ഇല്ലാത്തതിനാൽ EXIM പ്രവർത്തനങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ Full Container Load (FCL) കണ്ടെയ്‌നറുകളിൽ, Direct Port Delivery (DPD) സംവിധാനത്തിന് യോഗ്യമായ ഇറക്കുമതി ചരക്കുകൾക്കാണ് അനുമതി. തുറമുഖത്ത് ഇറക്കിയ കണ്ടെയ്‌നറുകൾ 48 മണിക്കൂറിനുള്ളിൽ നേരിട്ട് ഇറക്കുമതിക്കാരന്റെ സ്ഥാപനത്തിലേക്ക് മാറ്റണം.
അതേസമയം, Less than Container Load (LCL) ചരക്കുകൾ, loose cargo, de-stuffing ആവശ്യമുള്ള കണ്ടെയ്‌നറുകൾ, CFS പരിശോധന ആവശ്യമായ ചരക്കുകൾ എന്നിവയ്ക്ക് നിലവിൽ അനുമതിയുണ്ടാകില്ല. CFS സൗകര്യം പ്രവർത്തനക്ഷമമാകുന്നതോടെ ഈ നിയന്ത്രണങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.
കേരളത്തിന്റെ ലോജിസ്റ്റിക്സ് മേഖലയിൽ പുതിയ അവസരങ്ങൾ
EXIM പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ കേരളത്തിൽ നിന്ന് നേരിട്ടുള്ള കയറ്റുമതിക്കും സംസ്ഥാനത്തേക്കുള്ള ഇറക്കുമതിക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതോടെ ചരക്ക് കൈകാര്യം ചെയ്യൽ, കസ്റ്റംസ് ക്ലിയറൻസ്, ഫോർവേഡിംഗ്, ട്രാൻസ്പോർട്ടേഷൻ, വെയർഹൗസിംഗ്, കണ്ടെയ്‌നർ സേവനങ്ങൾ തുടങ്ങിയ അനുബന്ധ മേഖലകളിലും പ്രവർത്തനങ്ങൾ വർധിക്കുമെന്നാണ് പ്രതീക്ഷ.
ആഗോള ഷിപ്പിംഗ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ‘Mission Samudra’ ബിസിനസ് സമ്മിറ്റും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. കേരളത്തിന്റെ സമുദ്രമേഖലാ വികസനത്തിന് ദീർഘകാല നയപരമായ ദിശ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ട്രാൻസ്ഷിപ്മെന്റ് കേന്ദ്രം എന്ന നിലയിൽ നിന്ന് ഇന്ത്യയുടെ പ്രധാന അന്താരാഷ്ട്ര കാർഗോ ഗേറ്റ്‌വേകളിലൊന്നായി മാറാനുള്ള വിഴിഞ്ഞത്തിന്റെ യാത്രയിൽ EXIM പ്രവർത്തനങ്ങളുടെ തുടക്കം നിർണായക ഘട്ടമാകും.
