തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണ സംവിധാനത്തിൽ സമഗ്ര മാറ്റവുമായി കേരള പൊലീസ്. സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളുടെയും സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) ചുമതല ഇനി സബ് ഇൻസ്പെക്ടർമാർക്ക് (SI) നൽകും. പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ SHO ആയി തുടരും.
പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാക്കുക, അന്വേഷണ സംവിധാനത്തിന് കൂടുതൽ പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. ‘എന്റെ പൊലീസ് സ്റ്റേഷൻ’ എന്ന പദ്ധതിയുടെ ഭാഗമായാണ് മാറ്റങ്ങൾ.
സ്റ്റേഷനുകളുടെ ദൈനംദിന ഭരണത്തിൽ കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങളോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും പ്രത്യേക ശ്രദ്ധ നൽകും. കസ്റ്റഡി മർദനം, അനധികൃത തടങ്കൽ തുടങ്ങിയ പരാതികൾ ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ജനമൈത്രി പൊലീസ് സംവിധാനവും കൂടുതൽ ആധുനികമാക്കും. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് സ്ഥിരമായി അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. ഇതിനായി ഡിഐജി തലത്തിൽ പ്രത്യേക സംവിധാനം പ്രവർത്തിക്കും.
പരാതികളുടെ എണ്ണം, എഫ്ഐആർ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സ്റ്റേഷൻ പ്രവർത്തനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്ന സംവിധാനവും ശക്തിപ്പെടുത്തും. ഇതിലൂടെ ഓരോ പൊലീസ് സ്റ്റേഷന്റെയും പ്രവർത്തനക്ഷമതയും പൊതുജന സേവന നിലവാരവും മേൽത്തട്ടിൽ നിന്ന് വിലയിരുത്താൻ കഴിയും.
അതേസമയം, സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇൻസ്പെക്ടർമാരുടെ ചുമതല പൂർണമായും ഒഴിവാക്കുന്നതല്ല പുതിയ പരിഷ്കാരം. പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ തന്നെ SHO ആയി തുടരും. മറ്റ് സ്റ്റേഷനുകളിലാണ് എസ്ഐമാർക്ക് സ്റ്റേഷൻ ഭരണത്തിന്റെ പ്രധാന ചുമതല നൽകുന്നത്.
പൊലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനൊപ്പം പരാതി പരിഹാരം, കേസ് രജിസ്ട്രേഷൻ, അന്വേഷണം എന്നിവയിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
