ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ മൂന്ന് കമ്പനി സൈന്യത്തെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പാക്ക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരത്തിൽ ആറ് മാസത്തേക്കാണ് സൈനിക വിന്യാസത്തിന് അനുമതി നൽകിയിരിക്കുന്നത്.
സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിനായി സൈന്യത്തെ വിന്യസിക്കണമെന്ന പഞ്ചാബ് ആഭ്യന്തര വകുപ്പിന്റെ ആവശ്യത്തെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഓഗസ്റ്റ് 21-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സൈനിക വിന്യാസം ഉടൻ പ്രാബല്യത്തിൽ വരും.
പാക്കിസ്ഥാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 245 പ്രകാരമാണ് സൈന്യത്തെ വിന്യസിക്കാൻ അനുമതി നൽകിയിരിക്കുന്നത്. സുരക്ഷാ ചുമതലകളിൽ ജില്ലാ ഭരണകൂടത്തെ സഹായിക്കുകയും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രതികരിക്കുന്നതിനും സൈനികർ സഹായിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
എന്നാൽ റാവൽപിണ്ടിയിൽ നിലവിൽ നിലനിൽക്കുന്ന പ്രത്യേക സുരക്ഷാ സാഹചര്യം എന്താണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമായി വിശദീകരിച്ചിട്ടില്ല. സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ തന്ത്രപ്രധാനമായ പ്രാധാന്യവും സുരക്ഷാ ആശങ്കകളും കണക്കിലെടുത്താണ് നടപടിയെന്നാണ് വിലയിരുത്തൽ.
മൂന്ന് കമ്പനി സൈനികർ ജില്ലാ ഭരണകൂടവുമായി ഏകോപിച്ചായിരിക്കും പ്രവർത്തിക്കുക. പ്രധാനപ്പെട്ട മേഖലകളിലും നിർണായക റോഡുകളിലും സുരക്ഷ ശക്തമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഭരണകൂടത്തിന് പിന്തുണ നൽകുന്നതിനുമാണ് വിന്യാസം.
റാവൽപിണ്ടിയിൽ സൈന്യത്തെ വിന്യസിക്കണമെന്ന ആവശ്യം പഞ്ചാബ് പ്രവിശ്യാ സർക്കാർ ജൂലൈ 22-ന് ഉന്നയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. തുടർന്ന് കേന്ദ്ര സർക്കാർ ഭരണഘടനാപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിന്യാസത്തിന് അനുമതി നൽകുകയായിരുന്നു.
