തൃപ്പൂണിത്തുറ: മലയാളിയുടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയ്ക്ക് വർണാഭമായ തുടക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് പിന്നാലെ നടൻ ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കുന്നതിനുള്ള നിർദേശം സമർപ്പിച്ചാൽ സർക്കാർ അത് നടപ്പാക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കൊച്ചി രാജകുടുംബത്തിന്റെ സമ്പന്നമായ പാരമ്പര്യം, അനുഷ്ഠാന കലകൾ, ചരിത്ര സ്മാരകങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും നഗരസഭാ ഭരണസമിതിയും ഒരുമിച്ച് വിദഗ്ധരുടെ സഹായത്തോടെ മികച്ച മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ നടൻ ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രിയോട് തനിക്ക് കാര്യങ്ങൾ തുറന്നുപറയാൻ കഴിയുമെന്നും ഈ സർക്കാരിൽ നിന്ന് ഒരു പദവിയും ആവശ്യമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബുധനാഴ്ചകളിലെ വാർത്താസമ്മേളനങ്ങൾ താൻ കാത്തിരുന്ന് കാണാറുണ്ടെന്നും ജഗദീഷ് പറഞ്ഞു. വാർത്താസമ്മേളനങ്ങൾ വിവരപ്രദവും വിനോദകരവുമാണെന്നും അവ അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു നടന്റെ അഭിപ്രായം.
അത്തച്ചമയത്തിനുള്ള പതാക ഹിൽ പാലസിൽനിന്ന് നഗരസഭാധ്യക്ഷൻ പി.എൽ. ബാബു ഏറ്റുവാങ്ങി. രാജകുടുംബത്തിന്റെ പ്രതിനിധി രാമദാസ് തമ്പുരാനാണ് പതാക കൈമാറിയത്. തുടർന്ന് ചെറുഘോഷയാത്രയായി പതാകയും കൊടിമരവും അത്തം നഗറിൽ എത്തിച്ചു. കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിന്റെ നേതൃത്വത്തിൽ കൊടിമര ഘോഷയാത്രയ്ക്ക് സ്വീകരണവും നൽകി
