ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും.
ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ പങ്കുവെച്ചത്.
ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് രാഷ്ട്രപതി ഓണാശംസകൾ നേർന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ ഓണം എല്ലാവരെയും പ്രചോദിപ്പിക്കട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണാഘോഷത്തിൽ പങ്കുചേരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ആശംസകൾ.
