തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ–ബംഗ്ലാദേശ് തീരത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് 22 മുതൽ 26 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഓഗസ്റ്റ് 23ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.
അതേസമയം, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ നിലവിലുള്ള ന്യൂനമർദവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങളെ സ്വാധീനിക്കുന്നുണ്ട്.
മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
